പെസഹാ വ്യാഴം വോട്ടെടുപ്പ് നടത്തുന്നതിനെതിരെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പെസഹ വ്യാഴ ദിനത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). പെസഹവ്യാഴമായ ഏപ്രിൽ 18-ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനെതിരെയാണ് സിബിസിഐ രംഗത്ത് വന്നത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.

പെസഹാ ദിനത്തിൽ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ആശങ്കാജനകമെന്നാണ് സിബിസിഐ നിലപാട്. ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ജമ്മു കാശ്മീർ, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 97 സീറ്റുകളിലേക്കാണ് ഏപ്രിൽ 18 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

നേരത്തേ റംസാൻ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പശ്ചിമബംഗാളിൽ നിന്നുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.