സഹോദരന്‍ പ്രൈവറ്റ് സെക്രട്ടറി ആയതോടെ നളിനി നെറ്റോ സ്വയം ഒഴിയുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> നേരായ കാര്യത്തെ എങ്ങനെ വക്രീകരിക്കാമെന്ന് ഇന്നത്തെ പ്രധാന പത്രങ്ങള്‍ നോക്കിയാല്‍ മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ രാജി സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായ വ്യത്യാസം മൂലം രാജിവെച്ചു എന്നാണ് വാര്‍ത്തകള്‍.

തുടര്‍ന്ന് ഇന്നയിന്ന കാര്യങ്ങളും പറയുന്നുണ്ട്. ഒരു പ്രധാനിയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അഭിപ്രായവ്യത്യാസമുണ്ട്. രാജിവെച്ച പ്രൈവറ്റ് സെക്രട്ടറിയാണ് മധ്യസ്ഥം പറയാറ് എന്നൊക്കെയാണ് കഥകള്‍ പറയുന്നത്. എന്നാല്‍ വസ്തുതകള്‍ ഒന്ന് അന്വേഷിച്ചാല്‍ മനസിലാക്കാനാകില്ലെ’; മുഖ്യമന്ത്രി ചോദിച്ചു.

‘തങ്ങള്‍ക്ക് തോന്നിയത് അടിച്ചുവിടുകയാണ്, ഇന്നിപ്പോ അതിന് അവസാനമായി. ഇന്നുച്ചയ്ക്ക് താന്‍ ഒരു കടലാസില്‍ ഒപ്പുവെച്ചു. രാജിവെച്ച നളിനി നെറ്റോയുടെ സഹോദരന്‍ മോഹനനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിശ്ചയിച്ച കടലാസിലാണ് ഒപ്പുവെച്ചത്.

ഇത്തരം ഒരുസ്ഥാനം സഹോദരന്‍ ഏല്‍ക്കുമ്പോള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നളിനി നെറ്റൊ ഇരിക്കുന്നത് ഔചിത്യമല്ല എന്ന് അവര്‍ക്ക് തന്നെ തോന്നിതുകൊണ്ട് അവര്‍ ഒഴിഞ്ഞു എന്നതാണ് വസ്തുത’; അദ്ദേഹം വിശദീകരിച്ചു

ശരിയായ കാര്യത്തെ വക്രീകരിക്കാന്‍ വല്ലാത്ത താല്‍പര്യം പലര്‍ക്കും നമ്മുടെ നാട്ടിലുണ്ടെന്നും നമുക്ക് ജയിച്ചേ മതിയാകു എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

© 2024 Live Kerala News. All Rights Reserved.