കേരള ബാങ്കിന് പച്ചക്കൊടി; 13 ജില്ലാ സഹകരണബാങ്കുകളുടെ പിന്തുണയോടെ ലയന തീരുമാനം പാസായി

തിരുവനന്തപുരം > കേരള ബാങ്കിന് സംസ്ഥാനത്തെ സഹകാരി സമൂഹത്തിന്റെ പച്ചക്കൊടി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കേവല ഭൂരിപക്ഷത്തോടെ പാസ്സാക്കി.

നിലവിലെ സംസ്ഥാന സഹകരണ നിയമമനുസരിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷം മാത്രമാണ് ലയനതീരുമാനത്തിന് വേണ്ടത്. കേവല ഭൂരിപക്ഷത്തോടെ ലയന തീരുമാനം അംഗീകരിച്ച 13 ജില്ലാ സഹകരണ ബാങ്കുകളില്‍ 9 ഇടത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ലഭിച്ചു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലധികം ലയന തീരുമാനത്തിന് അനുകൂലമായി ലഭിക്കുകയും ചെയ്തു.

പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ലയനത്തിന് അനുകൂലമായി 84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കൊല്ലം – 78, പത്തനംതിട്ട – 79, ആലപ്പുഴ – 69 , കോട്ടയം – 66, ഇടുക്കി 58, എറണാകുളം – 65 , തൃശൂര്‍ – 69 , പാലക്കാട് – 69 , കോഴിക്കോട് – 78 , വയനാട് – 61 , കണ്ണൂര്‍ – 77 , കാസര്‍കോട് – 68 ശതമാനം എന്ന നിലയിലാണ് ലയനത്തെ അനുകൂലിച്ചത്. മലപ്പുറത്ത് 25 ശതമാനം മാത്രമാണ് ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലയിലും കേവല ഭൂരിപക്ഷം നേടിയ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുളള ലയന പ്രക്രിയയ്ക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞതോടെ കേരള ബാങ്കിന് മുന്നോടിയായ പ്രധാന കടമ്പ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.

ലയനത്തിന് എതിരായ നിലപാട് തുടക്കം മുതല്‍ കൈക്കൊണ്ടു വന്ന യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ കത്തുകളും കോടതി കേസുകളും നിരവധിയുണ്ടായി. ജനറല്‍ ബോഡി യോഗത്തില്‍ അലങ്കോലമുണ്ടാകുമെന്ന വ്യാജപ്രചരണം അഴിച്ചു വിട്ടു. 9 ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വോട്ടിംഗ് നടന്നത്. എന്നാല്‍ കേരളത്തിലൊരിടത്തും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതെ വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയായി.

കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക് നിലവില്‍ വരുമെന്നും കേരള ബാങ്ക് രൂപീകരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച കേരളത്തിലെ സഹകരണ സംഘം ഭാരവാഹികള്‍ക്കും സഹകാരി സമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.