8.1 കോടി പുതിയ വോട്ടർമാർ: തെരഞ്ഞെടുപ്പിൽ യുവാക്കൾ നിർണായകം

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ 282 സീറ്റുകളിൽ വിധി തീരുമാനിക്കുന്നതിൽ യുവാക്കൾ നിർണായകം. 8.1 കോടി പുതിയ വോട്ടർമാർ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തും. 2014നേക്കാൾ പുതിയ വോട്ടർമാരുടെ എണ്ണം ഗണ്യമായി വർധിച്ചെന്ന‌് തെരഞ്ഞെടുപ്പ‌ു കമീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ലോക‌്സഭയിലെ ഭൂരിപക്ഷം നേടാനുള്ള മാന്ത്രിക സംഖ്യയായ 272നും മുകളിലാണ‌് യുവാക്കളുടെ വോട്ട്‌ നിർണായകമാകുന്ന മണ്ഡലങ്ങളുടെ എണ്ണം. -പ്രാദേശിക–-ദേശീയ വിഷയങ്ങൾ പരിഗണിക്കുന്ന തെരഞ്ഞെടുപ്പിൽ യുവാക്കളുടെ തീരുമാനം വിധിയെ സ്വാധീനിക്കും. കേരളത്തിലെ 17 മണ്ഡലങ്ങളിൽ മുൻ തെരഞ്ഞെടുപ്പിലെ ശരാശരി ഭൂരിപക്ഷത്തേക്കാൾ കൂടുതൽ പുതിയ വോട്ടർമാരുണ്ട‌്.

ഈ തെരഞ്ഞെടുപ്പിൽ ഓരോ ലോക‌്സഭാ മണ്ഡലത്തിലും ശരാശരി 1.49 ലക്ഷം ആദ്യതവണ വോട്ടു ചെയ്യുന്നവർ ഉണ്ടാകും. 2014ൽ 297 മണ്ഡലങ്ങളിൽ ലഭിച്ച ശരാശരി ഭൂരിപക്ഷത്തിനു മുകളിലാണ‌് പുതിയ വോട്ടർമാർ. 282 മണ്ഡലങ്ങളിൽ 217ഉം 12 പ്രധാന സംസ്ഥാനങ്ങളിലാണ‌്.
ബംഗാൾ (32), ബിഹാർ (29), യുപി (24), കർണാടക (20), തമിഴ‌്നാട‌് (20), രാജസ്ഥാൻ (17), കേരളം (17), ജാർഖണ്ഡ‌് (13), ആന്ധ്ര (12), മഹാരാഷ‌്ട്ര (12), മധ്യപ്രദേശ‌് (11), അസം (10) തുടങ്ങിയ സംസ്ഥാനങ്ങളിലാണ‌് ഈ മണ്ഡലങ്ങൾ. ഏറ്റവും കൂടുതൽ സീറ്റുകളുള്ള യുപിയിൽ ഓരോ മണ്ഡലത്തിലെയും ശരാശരി പുതിയ വോട്ടർമാരുടെ എണ്ണം 1.15 ലക്ഷമാണ‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ശരാശരി ഭൂരിപക്ഷം 1.86 ലക്ഷം വോട്ടുകളായിരുന്നു.

© 2024 Live Kerala News. All Rights Reserved.