മസൂദ‌് അസർ മരിച്ചതായി അഭ്യൂഹം ; മരിച്ചിട്ടില്ലെന്ന്‌ ജയ്‌ഷെ; പ്രതികരിക്കാതെ പാകിസ്ഥാൻ

ഇസ്ലാമാബാദ‌്
ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും തലവനുമായ മൗലാന മസൂദ് അസർ മരിച്ചതായി അഭ്യൂഹം. കരളിലെ അർബുദ ബാധയെത്തുടർന്ന‌് ശനിയാഴ്ച ഉച്ചയ‌്ക്ക‌് ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ അസർ മരിച്ചെന്ന‌് ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

എന്നാൽ, പാക് സർക്കാരോ സൈന്യമോ മരണം സ്ഥിരീകരിച്ചില്ല. അസർ മരിച്ചിട്ടില്ലെന്ന്‌ ജയ്‌ഷെ മുഹമ്മദ്‌ അവകാശപ്പെട്ടു. അസർ ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള കാര്യം പാകിസ്ഥാൻ വിദേശമന്ത്രി ഷാ മെഹ‌്മൂദ‌് ഖുറേഷി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യക്കെതിരെ നടത്തിയിട്ടുള്ള നിരവധി ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു മൗലാനാ മസൂദ‌് അസർ. ഏറ്റവും ഒടുവിൽ പുൽവാമ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മസൂദ് അസർതന്നെ. റാവൽപിണ്ടിയിലെ സൈനികാശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് പുൽവാമ ചാവേർ ആക്രമണത്തിന‌് രൂപം നൽകിയത‌്.

പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ ബഹാവൽപുരിൽ സർക്കാർ സ‌്കൂളിലെ പ്രധാനാധ്യാപകന്റെ 11 മക്കളിൽ മൂന്നാമനായി 1968ലാണ‌് മസൂദ‌് അസറിന്റെ ജനനം. എട്ടാം ക്ലാസിൽ സ‌്കൂളിൽനിന്ന‌് പുറത്തായ മസൂദ‌് മതപഠനത്തിനായി ജാമിയ ഉലൂം ഇസ്ലാമിക സ‌്കൂളിൽ ചേരുകയായിരുന്നു. പിന്നീട‌് അഫ‌്ഗാനിസ്ഥാനിലെ ജിഹാദി പരിശീലനക്യാമ്പിലെത്തി. അഫ‌്ഗാനിസ്ഥാനിലെ ഡോ. നജീബുള്ളയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ‌് സർക്കാരിനും സോവിയറ്റ‌് യൂണിയനുമെതിരായ യുദ്ധങ്ങളിൽ പങ്കാളിയായി. ഒസാമ ബിൻ ലാദിനുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
1994ൽ ഇന്ത്യയുടെ കസ്റ്റഡിയിലായ മസൂദ് അസറിനെ വിട്ടുകിട്ടുന്നതിനായി 1995ൽ കശ്മീരിലെത്തിയ വിദേശീയ ടൂറിസ്റ്റുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഇവരിൽ ഒരാൾ ഒഴികെയുള്ളവർ കൊല്ലപ്പെട്ടു.

പിന്നീട‌് 1999ൽ ഇന്ത്യൻ എയർലൈൻസ‌് വിമാനം കാന്ദഹാറിലേക്ക‌് തട്ടിക്കൊണ്ടുപോയപ്പോൾ യാത്രക്കാരെ തിരികെ ലഭിക്കാനായി ഇന്ത്യ മസൂദ‌് അസറിനെ മോചിപ്പിച്ചു. വാജ‌്പേയി സർക്കാറിന്റെ കാലത്തായിരുന്നു ഇത‌്. പിന്നീടാണ‌് ജയ‌്ഷേ മുഹമ്മദ‌് എന്ന ഭീകര സംഘടന രൂപീകരിക്കുന്നത‌്. സ്വന്തം നാടായ ബഹാവൽപുരായിരുന്നു ആസ്ഥനം. 2000 ഏപ്രിൽ 20നാണ‌് ജയ്ഷെ മുഹമ്മദ‌് കശ‌്മീരിൽ ആദ്യത്തെ ഭീകരാക്രമണം നടത്തിയത്. 2001ൽ ശ്രീനഗറിലെ സെക്രട്ടറിയറ്റിനു മുന്നിൽ ജയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. 2001 ഒക്ടോബർ ഒന്നിന‌് ജയ‌്ഷെ ഭീകരർ നടത്തിയ പാർലമെന്റാക്രമണത്തിൽ എട്ട‌് സൈനികരാണ് കൊല്ലപ്പെട്ടത‌്.

2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട‌് മുസഫറാബാദിൽ നടത്തിയ സൈനിക തെരച്ചിലിൽ മസൂദ‌് അസറിനെ അറസ്റ്റ‌് ചെയ‌്തിരുന്നതായി പാകിസ്ഥാൻ വെളിപ്പെടുത്തിയിരുന്നു. ഉറി, പത്താൻകോട്ട് ഭീകരാക്രമണത്തിന്റെയും മുഖ്യസൂത്രധാരനെന്ന് കരുതുന്നത് മസൂദ് അസറിനെയാണ്.

© 2024 Live Kerala News. All Rights Reserved.