ടൂറിസം രംഗത്ത് പുതിയ കാല്‍വെപ്പുമായി ഖത്തര്‍

ദോഹ : ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി ഖത്തര്‍ ടൂറിസം. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ രംഗത്ത് എത്തിയിരിക്കുന്നത്.. ഖത്തര്‍ എയര്‍വേയ്‌സ്, കത്താറ ഹോസ്പിറ്റാലിറ്റി എന്നിവയുമായി ചേര്‍ന്നാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. നാല് വര്‍ഷം കൊണ്ട് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യം.

പൊതുമേഖലാ ഹോട്ടല്‍ ശൃംഖലയായ കത്താറ ഹോസ്പിറ്റാലിറ്റി, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുമായി ചേര്‍ന്നാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ അറിയിച്ചു. . എന്‍.ടി.സി ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി ഇതിനായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. റിക്‌സോ ഹോട്ടല്‍സ്, വിവിധ രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്.

ഖത്തറിലേക്ക് കൂടുതല്‍ രാജ്യാന്തര വിനോദസഞ്ചാരികളെ എത്തിക്കാന്‍ ഈ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്‍കയ്യെടുക്കും. 2023 ഓടെ രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 56 ലക്ഷവും ഹോട്ടലുകളുടെ റൂം ബുക്കിങ് നിരക്ക് 72 ശതമാനവുമാക്കി ഉയര്‍ത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം. പുതിയ ധാരണാപത്രങ്ങള്‍ ഖത്തറിനെ ലോകത്തിലെ പ്രധാന ടൂറിസം പോയിന്റാക്കി മാറ്റാന്‍ സഹായിക്കുമെന്ന് എന്‍.ടി.സി സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.