പുൽവാമ: ചാവേർ സഞ്ചരിച്ച് കാറിന്റെ ഉടമ കാശ്‌മീർ സ്വദേശി; നിർണായക തെളിവ്

പുൽവാമയിൽ നാൽപത് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിൽ നിന്നുള്ള സജ്ജാദ് ഭട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി ഈക്കോ വാഹനമാണ് ചാവേർ സ്ഫോടനത്തിനുപയോഗിച്ചത്. ഫൊറൻസിക്, ഓട്ടോമൊബൈൽ വിദഗ്‍ദരുടെ സഹായത്തോടെയാണു വാഹനം എൻഐഎ തിരിച്ചറിഞ്ഞത്.

സ്ഫോടനത്തിനുപയോഗിച്ച മിനിവാൻ 2011 ലാണ് അനന്ത്നാഗിലെ ഹെവൻ കോളനി സ്വദേശിക്ക് വിറ്റത്. ഏഴു തവണ വിൽപനകൾ നടത്തിയ ശേഷമാണ് ഈ വാഹനം സജ്ജാദിന്റെ കൈയിലെത്തുന്നത്. അതേസമയം, സജ്ജാദ് ഭട്ടും ജയ്ഷെ മുഹമ്മദിൽ അംഗമാണെന്നാണു ലഭിക്കുന്ന വിവരം.

ചാവേറാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കി യുടെ സഹായം എൻഐഎ തേടിയിരുന്നു. വാഹനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില നമ്പരുകൾ ലഭിച്ചാൽ അത് എവിടെ നിർമിച്ചതാണെന്നു മനസ്സിലാക്കാം. വാഹനം ഏത് ഡീലർ മുഖേനയാണു വിറ്റതെന്നും കണ്ടെത്താനാകും. ഇങ്ങനെയാണ് വാഹന ഉടമയെ എൻഐഎ തിരിച്ചറിഞ്ഞത്.

© 2024 Live Kerala News. All Rights Reserved.