മേമന്റെ വധശിക്ഷ: പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഛോട്ടാ ഷക്കീൽ

 

ന്യൂഡൽഹി∙ 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ മുന്നറിയിപ്പ്. നടന്നത് ‘നിയമപരമായ കൊലപാതകമാണെന്നു’ കുറ്റപ്പെടുത്തിയ ഛോട്ടാ ഷക്കീൽ, കീഴടങ്ങുന്ന സമയത്ത് യാക്കൂബ് മേമന് നൽകിയിരുന്ന വാഗ്ദാനങ്ങൾ ലംഘിച്ച് അദേഹത്തെ ചതിക്കുകയായിരുന്നു ഇന്ത്യൻ സർക്കാരെന്നും കുറ്റപ്പെടുത്തി.
യാക്കൂബ് മേമനെ ചതിയിലൂടെ തൂക്കിലേറ്റിയതു വഴി ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ തിരികെയെത്തി നിയമത്തിന് കീഴടങ്ങാനുള്ള സാധ്യതയും അവസാനിച്ചതായി ഛോട്ടാ ഷക്കീൽ ചൂണ്ടിക്കാട്ടി.തന്റെ സഹോദരൻ ചെയ്ത കുറ്റത്തിന് ഒരു നിരപരാധിയേയാണ് ഇന്ത്യ തൂക്കിലേറ്റിയിരിക്കുന്നത്. അതിനെ ഞങ്ങൾ അപലപിക്കുന്നു. ഇത് നിയമത്തിന്റെ സഹായത്തോടെയുള്ള കൊലപാതകമാണ് – ഛോട്ടാ ഷക്കീൽ കുറ്റപ്പെടുത്തി. ഇനിയൊരു തവണ കൂടി മധുരമൂറുന്ന വാഗ്ദാനങ്ങളുമായി വന്നാൽ ഇന്ത്യൻ ഏജൻസികളെ ഞങ്ങൾ വിശ്വസിക്കില്ല. ഇന്ത്യൻ‌ സർക്കാരിനെ ഭാവിയിൽ ആരും വിശ്വസിക്കില്ല .യാക്കൂബ് മേമനെപ്പോലെ ദാവൂദ് ഭായിയും കീഴടങ്ങാൻ തയാറായിരുന്നെങ്കിൽ അദേഹത്തിന്റെ ഗതിയും യാക്കൂബിന്റേത് സമാനമായേനെയെന്നും ഛോട്ടാ ഷക്കീൽ പറഞ്ഞു. യാക്കൂബ് മേമന്റെ സഹോദരൻ ടൈഗർ മേമനൊപ്പം ചേർന്ന് മുംബൈ സ്ഫോടനത്തിന്റെ ആസൂത്രണം നിർവഹിച്ചത് ദാവൂദ് ഇബ്രാഹിമാണെന്നാണ് കേസ്.ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണിൽ ബന്ധപ്പെട്ടാണ് കേസിലെ പ്രതി കൂടിയായ ഛോട്ടാ ഷക്കീലിന്റെ ഭീഷണി.

© 2024 Live Kerala News. All Rights Reserved.