ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള ശ്രമം അപകടകരം: മുഖ്യമന്ത്രി

തിരുവല്ല > സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ജുഡീഷ്യറിയെ ചൊൽപ്പടിക്ക‌് നിർത്തണമെന്ന‌് എക്സിക്യൂട്ടിവിന‌് തോന്നിയാൽ അത‌് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയ‌്ക്ക‌് അപകടം വരുത്തുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവല്ല കോടതി സമുച്ചയത്തിന‌് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പരസ്പര ധാരണയോടെ പ്രവർത്തിച്ചാലേ ഭരണഘടന വിഭാവനംചെയ്യുന്ന ഭരണസംവിധാനം നിലനിൽക്കൂ. നീതിന്യായ വ്യവസ്ഥയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്നത‌് പ്രധാനമാണ‌്. എന്നാൽ, നമ്മുടെ രാജ്യത്ത‌് പ്രത്യേക സാഹചര്യം ഉയർന്നുവന്നത‌് കാണാതിരിക്കരുത‌്.

അതുകൊണ്ടാണ‌് സുപ്രീംകോടതിയിലെ മുതിർന്ന നാല‌് ജഡ‌്ജിമാർക്ക‌് പരസ്യമായി ചില കാര്യങ്ങൾ രാജ്യത്തോട‌് പറയണമെന്ന‌് തോന്നിയത‌്. ആ അവസ്ഥ എറ്റവും ഗൗരവമുള്ള വിഷയമാണ‌്. സംഭവിക്കാൻ പാടില്ലാത്തതാണ‌്.

സാധാരണക്കാർക്ക‌് നീതിന്യായ വ്യവസ്ഥ പ്രാപ്യമാകുന്നു എന്ന‌് ഉറപ്പുവരുത്തണം. നീതി നിഷേധിക്കപ്പെട്ടവർക്കും താല്പര്യങ്ങൾ ഹനിക്കപ്പെട്ടവർക്കും കാലവിളംബം കൂടാതെ നീതി ലഭിക്കണമെങ്കിൽ കോടതിയുടെ നടപടികളിലും സമീപനത്തിലും മാറ്റങ്ങൾ ഉണ്ടായേ തീരൂഎന്നാണ‌് അനുഭവങ്ങൾപഠിപ്പിക്കുന്നത‌്.

‘നീതി വൈകുന്നത‌് നീതി നിഷേധിക്കലാണ‌്’ എന്ന‌് പൊതുവേ പറയാറുണ്ട‌്. അതേസമയം ‘വേഗത്തിൽ ലഭ്യമായി എന്നതുകൊണ്ട‌് ഉയർന്ന നിലവാരമുള്ള നീതി ലഭ്യമാകില്ല’ എന്നും ഓർക്കണം. നീതിയും അത‌് ലഭ്യമാക്കുന്ന വേഗവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കണം.

ഭരണഘടനയുടെ മൂല്യത്തെക്കുറിച്ച‌് വിദ്യാർഥികൾക്ക‌് അറിവുനൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും. കോടതിയുടെ സൗകര്യം വർധിപ്പിക്കുക, ജുഡീഷ്യൽ ഓഫീസർമാർക്ക‌് താമസസൗകര്യം എന്നീ പ്രശ്നങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി ജഡ‌്ജി പി ഉബൈദ‌് അധ്യക്ഷനായി.

© 2024 Live Kerala News. All Rights Reserved.