കശ‌്മീർ താഴ‌്‌‌‌വരയിൽ യുദ്ധഭീതി: മൂന്ന‌് ഭീകരരെ വധിച്ചു

ന്യൂഡൽഹി > ജമ്മു കശ‌്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടലിൽ മുതിർന്ന പൊലീസ‌് ഉദ്യോഗസ്ഥനും ജവാനും വീരമൃത്യു വരിച്ചു. സൈന്യവും സിആർപിഎഫും പൊലീസും നടത്തിയ സംയുക്തനീക്കത്തിൽ മൂന്ന‌് ഭീകരരെ വധിച്ചു.

ശ്രീനഗറിൽനിന്ന‌് 68 കിലോമീറ്റർ അകലെ തെക്കൻ ക‌ശ‌്മീരിലെ തുരിഗാംമേഖലയിലാണ‌് ഏറ്റുമുട്ടലുണ്ടായത‌്. മേഖലയിലെ വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന‌് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന‌് സൈന്യവും പൊലീസും വളയുകയായിരുന്നു. ഏറ്റുമുട്ടലിൽ ഡിഎസ‌്പി അമൻകുമാർ താക്കൂർ ആണ‌് മരിച്ചത‌്. കൊല്ലപ്പെട്ട ജവാന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മേജർ ഉൾപ്പെടെ മൂന്ന‌് സൈനികർക്ക‌്പരിക്കേറ്റു. കഴുത്തിന‌് വെടിയേറ്റ അമൻ താക്കൂറിനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സൈനികർ അപകടനില തരണംചെയ‌്തു.

അതേസമയം, കൊല്ലപ്പെട്ട ഭീകരരിൽ ഒരാളുടെ മൃതദേഹംമാത്രമേ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ. രണ്ട‌് മൃതദേഹത്തിനായി സൈന്യവും പൊലീസും തെരച്ചിൽ തുടരുകയാണ‌്. ഈ മാസം 14ന‌് ചാവേറാക്രമണത്തിൽ 40 സിആർപിഎഫ‌് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമയിൽനിന്ന‌് 47 കിലോമീറ്റർമാത്രം അകലെയാണ‌് കുൽഗാം. ഭീകരർക്കും വിഘടനവാദികൾക്കും എതിരായ സൈനികനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ അർധസൈനികവിഭാഗങ്ങളിലെ പതിനായിരത്തോളം സൈനികരെ ജമ്മു കശ‌്മീരിൽ വിന്യസിച്ചിച്ചു. ആശുപത്രികളോട‌് പരമാവധി മരുന്നുകൾ സമാഹരിക്കാനും ഭക്ഷ്യവകുപ്പിനോട‌് എത്രയുംപെട്ടെന്ന‌് റേഷൻവിതരണം പൂർത്തിയാക്കാനും സർക്കാർ നിർദേശിച്ചത‌് താഴ‌്‌വരയിൽ ആശങ്ക പടർത്തി.

© 2024 Live Kerala News. All Rights Reserved.