കശ്മീരികള്‍ക്കെതിരെ ആക്രമണം പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം പാടില്ലെന്ന് സുപ്രീംകോടതി.

കശ്മീരികള്‍ക്കെതിരെ പരക്കെ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ താരിഖ് അദീബ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കി.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, മേഘാലയ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങളില്‍ ആള്‍കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് കാഷ്മീരികള്‍ക്കെതിരായ അക്രമണ കേസുകളുടെയും ഉത്തരവാദിത്തമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അടുത്ത ആഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.