ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണമെന്ന് സച്ചിന്‍

ന്യൂഡല്‍ഹി : വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി കളിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ല. ഈ നീക്കം ലോകകപ്പില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്യൂ. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണമെന്നും സച്ചിന്‍ അറിയിച്ചു.

ലോകകപ്പില്‍ പാകിസ്ഥാനെതിരേ ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്. ഇന്ത്യയാണ് തനിക്ക് ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.

ഹര്‍ഭജന്‍ സിങ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ബി.സി.സി.ഐയിലെ ഒരു വിഭാഗവും മത്സരം ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു.

ശശി തരൂര്‍ എംപിയും ഇന്ത്യ പാകിസ്ഥാനുമായി കളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇതെന്നും കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.