സി.കെ വിനീതിനെതിരായ ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് മഞ്ഞപ്പട; കളിക്കാര്‍ക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണക്കില്ല

കൊച്ചിയില്‍ നടന്ന ചെന്നൈ- ബ്‌ളാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നും മഞ്ഞപ്പട പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിനീതിന്റെ പരാതിയില്‍ വിശദീകരണവുമായി ബ്‌ളാസറ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. ഗ്രൂപ്പിലെ ഒരു അംഗം തെളിവില്ലാത്ത ആരോപണം വിനീതിനെതിരായി പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച മഞ്ഞപ്പട ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരില്‍ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ കൂട്ടായ്മ പിരിച്ചു വിടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. മഞ്ഞപ്പട എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിനെതിരെയാണ് തന്റെ പരാതിയെന്നും. തനിക്കെതിരെ വന്ന അപകീര്‍ത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നുമായിരുന്നു വിനീതിന്റെ നിലപാട്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.