അടിയന്തരാവസ്ഥ: വീറ്റോ അധികാരം ഉപയോഗിക്കാൻ ട്രംപ‌്

വാഷിങ‌്ടൺ
മെക്സിക്കന്‍ മതിലിന് പണം കണ്ടെത്താനായി പ്രഖ്യാപ്പിച്ച അടിയന്തരാവസ്ഥ അമേരിക്കൻ കോൺഗ്രസ‌ിൽ എതിർത്താൽ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് വീറ്റോ അധികാരം ഉപയോഗിക്കുമെന്ന‌് മുതിർന്ന ഉപദേഷ‌്ടാവ‌് സ്റ്റീഫൻ മില്ലർ.‌ എന്ത‌് അധികാരം ഉപയോഗിച്ചും ട്രംപ‌് അടിയന്തരാവസ്ഥ നിലനിർത്തുമെന്ന‌് ഫോക‌്സ‌് ന്യൂസ‌ിനോട‌് സ്റ്റീഫൻ മില്ലർ പറഞ്ഞു. അധികാരത്തിലേറി ഇതുവരെ വീറ്റോ അധികാരം ട്രംപ് ഉപയോഗിച്ചിട്ടില്ല.

മെക്സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി കോൺഗ്രസ‌് പണം നൽകാത്തതിൽ പ്രതിഷേധിച്ചും മതിലിന‌് പണം കണ്ടെത്താനുമാണ‌് വെള്ളിയാഴ‌്ച വൈകിട്ട‌് ട്രംപ‌് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത‌്. അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു കച്ചവടക്കാരും അമേരിക്കയിൽ കടക്കുന്നത‌് തടയാൻ മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കൂടിയേ തീരൂവെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ വീറ്റോ അധികാരം അട്ടിമറിക്കണമെങ്കിൽ കോൺഗ്രസിലെ രണ്ട് സഭയിലും മൂന്നിൽ രണ്ട‌് വോട്ട‌് വേണം.അതേസമയം, അടിയന്തരാവസ്ഥയ‌്ക്കെതിരെ ജനങ്ങൾ കനത്ത പ്രതിഷേധവുമായി തെരുവിലറങ്ങുകയാണ‌്. ട്രംപിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ ചെറുത്തുതോൽപ്പിക്കുമെന്നും ഡെമോക്രാറ്റുകൾ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.