പുൽവാമ അക്രമത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമായ അദിൽ

രാജ്യത്തെ നടുക്കിയ പുൽവാമ അക്രമത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമായ അദിൽ അഹമ്മദ് ധാർ. അക്രമത്തിന് കാരണമായ കാർ ഓടിച്ചത് ആദിൽ ആയിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. ഗുന്ദിബാഗ് വഗാസ് കമാൻഡോ, ആദിൽ അഹമ്മദ് തക്റൻവാല എന്നിങ്ങനെ അറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ വർഷമാണു ഭീകര സംഘത്തിലെത്തിയത്. 40 ജവാന്മാരാണ് ഈ തീവ്രവാദി അക്രമത്തിൽ രാജ്യത്തിന് നഷ്ടമായത്.

സിആർപിഎഫ് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെ 350 കിലോ സ്ഫോടക വസ്തുക്കൾ‌ നിറച്ച സ്കോർപിയോ ഇടിച്ചു കയറ്റുകയായിരുന്നു. കശ്മീരിലെ ഏറ്റവും രൂക്ഷമായ അക്രമം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തുവന്നു. ഇന്ത്യയ്ക്കെതിരെ വിഡിയോയിൽ ആദിൽ സംസാരിക്കുന്നുണ്ട്.

എന്റെ പേര് ആദിൽ, ഒരു വർഷം മുൻപാണ് ജയ്ഷെ മുഹമ്മദിൽ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങൾക്കുള്ള എന്റെ അവസാനത്തെ സന്ദേശം – ആദിൽ വിഡിയോയിൽ പറയുന്നു. റൈഫിളുകൾ കൈയിൽ പിടിച്ച് ജയ്ഷെ മുഹമ്മദിന്റെ ബാനറിനു മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെയായിരുന്നു ഇന്ന് ആക്രമണമുണ്ടായത്. വളരെ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ഈ ആക്രമണമെന്നാണ് സൂചന. ജയ്ഷെ മുഹമ്മദിന്റെ കൃത്യമായ ആസൂത്രണം ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്.

© 2024 Live Kerala News. All Rights Reserved.