റഫേലിൽ സിഎജി റിപ്പോർട്ടായി; രാഷ്ട്രപതിക്ക‌് കൈമാറും

ന്യൂഡൽഹി > റഫേൽ യുദ്ധവിമാന ഇടപാട‌് പരിശോധിച്ച‌് സിഎജി തയ്യാറാക്കിയ ഓഡിറ്റ‌് റിപ്പോർട്ട‌് തിങ്കളാഴ‌്ച രാഷ്ട്രപതിക്ക‌് കൈമാറും. പകർപ്പ‌് കേന്ദ്ര സർക്കാരിനും നൽകും. രാഷ്ട്രപതി പിന്നീട‌് പാർലമെന്റിൽ വയ‌്ക്കുന്നതിനായി സിഎജി റിപ്പോർട്ട‌് ലോക‌്സഭാ സ‌്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും. ബജറ്റ‌് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ‌്ച പാർലമെന്റിന്റെ ഇരുസഭകളിലും റിപ്പോർട്ട‌് വയ‌്ക്കാനാണ‌് സാധ്യത. മോഡി സർക്കാരിനെ സംരക്ഷിച്ചുകൊണ്ടുള്ളതാകും റിപ്പോർട്ടെന്ന‌് സൂചനയുണ്ട‌്.

നിലവിലെ സിഎജി രാജീവ‌് മെഹ‌്റിഷിക്ക‌് റഫേൽ ഇടപാടിൽ ഭിന്നതാൽപ്പര്യങ്ങളുണ്ടെന്ന വിമർശനം കോൺഗ്രസ‌് ഉയർത്തി. റഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി ചർച്ചകൾ ആരംഭിച്ച ഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു മെഹ‌്റിഷിയെന്ന‌് കോൺഗ്രസ‌് നേതാവ‌് കപിൽ സിബൽ പറഞ്ഞു. ധനമന്ത്രാലയവും ചർച്ചകളുടെ ഭാഗമായിട്ടുണ്ട‌്. താൻകൂടി ഉൾപ്പെട്ട ഇടപാടിനെ സംരക്ഷിക്കാനാകും സിഎജി ശ്രമിക്കുക. റഫേൽ ഇടപാടിലെ പരിശോധനകളിൽനിന്ന‌് അദ്ദേഹം പിന്മാറണം. സർക്കാരിനെ സംരക്ഷിച്ചുള്ള റിപ്പോർട്ടാകും സിഎജി തയ്യാറാക്കുക–- സിബൽ പറഞ്ഞു.

2014 ഒക്ടോബർ മുതൽ 2015 ആഗസ‌്ത‌് വരെയാണ‌് രാജീവ‌് മെഹ‌്റിഷി കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നത്‌. യുപിഎ കാലത്തെ ധാരണ പുനഃപരിശോധിക്കാൻ റഫേൽ നിർമാതാക്കളായ ഫ്രഞ്ച‌് കമ്പനി ദസാൾട്ടുമായി മോഡി സർക്കാർ ചർച്ചകൾ നടത്തിയതും ഇതേ കാലയളവിൽത്തന്നെയാണ‌്. 2015 ഏപ്രിലിൽ ഫ്രാൻസിൽവച്ച‌് റിലയൻസ‌് ഉടമ അനിൽ അംബാനിയുടെയും മറ്റും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാർ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിലും രാജീവ‌് മെഹ‌്റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. മോഡി സർക്കാരിന്റെ വിശ്വസ‌്തനായ മെഹ‌്റിഷി 2015 ആഗസ‌്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2017 ആഗസ‌്തിൽ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന‌് വിരമിച്ച മെഹ‌്റിഷിയെ രണ്ടുമാസത്തിനുള്ളിൽ മോഡി സർക്കാർ സിഎജിയായി നിയമിച്ചു.