കേരളത്തിന‌് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌്; രാജ്യത്തെ രണ്ടാമത്തെ ഇൻസ‌്റ്റിറ്റ്യുട്ട‌ിന്റെ ഉദ‌്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം> നിപാ വൈറസ‌് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന മലയാളികൾക്ക‌് 1000 ദിനങ്ങൾ പൂർത്തിയാക്കുന്ന ജനകീയ സർക്കാരിന്റെ സമ്മാനം–- രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌്. മെയ‌് 30ന‌് തറക്കല്ലിട്ട‌് എട്ടുമാസത്തിൽ ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ശനിയാഴ്ച പകൽ 10.30ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിക്കും.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന സമയത്തായിരുന്നു ആരോഗ്യമേഖലയ്ക്ക‌് വെല്ലുവിളി ഉയർത്തിയ നിപാ വൈറസ‌് ബാധ. വൈറസിനെ അതിജീവിക്കാൻ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നു നിർദേശം നൽകി.

ആലപ്പുഴയിൽ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിർണയത്തിന‌് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാൽ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇൻസ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവോടെ പരിശോധനകൾ സാധ്യമാകുന്ന തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതൽക്കൂട്ടാകും. മറ്റ‌് സംസ്ഥാനങ്ങളിൽനിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാം.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകൾ വേഗത്തിൽ നിർണയിക്കാനും കൂടുതൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ആസൂത്രണം ചെയ്ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ നിർദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ‌് നെറ്റ‌്‌വർക്കിന്റെ സെന്ററായും പ്രവർത്തിക്കും. നെറ്റ‌്‌വർക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂർണമായും പ്രവർത്തനസജ്ജമാകും വരെ നെറ്റ‌്‌വർക്കിന്റെ യൂറോപ്യൻ, ഏഷ്യൻ (ജപ്പാൻ) സെന്ററുകളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആൻഡ‌് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ‌് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നിങ്ങനെ എട്ടു ലാബ‌് പ്രവർത്തിക്കും. പിജി ഡിപ്ലോമ (വൈറോളജി), പിഎച്ച്ഡി (വൈറോളജി) കോഴ‌്സുകളും ആരംഭിക്കും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബയോലൈഫ‌് സയൻസ‌് പാർക്കിലെ 25 ഏക്കറിലാണ‌് ഇൻസ്റ്റിറ്റ്യൂട്ട‌്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു 28,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണചുമതല. രണ്ടാംഘട്ടത്തിൽ 80,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടമാണ‌് ഒരുങ്ങുന്നത‌്. കെഎസ്ഐഡിസിക്കാണ‌് നിർമാണ ചുമതല.

© 2024 Live Kerala News. All Rights Reserved.