സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

ന്യൂഡല്‍ഹി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കാകും പ്രാധാന്യം. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പി.ബിയുടെ തീരുമാനം നിര്‍ണ്ണായകമാകും. രണ്ട് ദിവസങ്ങളിലായാണ് യോഗം നടക്കുക.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി ശക്തമായ പ്രതിപക്ഷമായി തിരിച്ചുവരാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിനായി കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമില്ലെങ്കിലും ധാരണയുണ്ടാക്കി മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ശക്തിയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാതെ പരസ്പരം സഹായിക്കുന്നത് വഴി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കി സീറ്റ് വര്‍ധിപ്പിക്കാമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു.

ഇന്നും നാളെയുമായി ചേരുന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഓരോ സംസ്ഥാന ഘടകത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളുണ്ടാകും. മുന്‍ കേന്ദ്രകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനമനുസരിച്ച് തമിഴ്നാട് , മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരു മുന്നണിയില്‍ വരുന്നതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.