വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടന്റെ ഔദ്യോഗിക അനുവാദം

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് മൂവായിരം കോടി രൂപ വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടന്റെ ഔദ്യോഗിക അനുവാദം. ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് അനുവാദം നല്‍കിയിരിക്കുന്നത്. മല്യയെ കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടണിലെ ഇന്ത്യന്‍ എംബസി മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വിജയ് മല്ല്യയ്ക്ക് അവസരമുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുന്ന പക്ഷം വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇനിയും കാലതാമസം നേരിട്ടേക്കാം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയാക്കണമെന്ന എൻഫോഴ്സ്മ​െൻറ് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പു കേസിൽ അന്തിമവിധിക്ക്​ കാക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം. ഇന്ത്യയിൽ ഒമ്പതിനായിരം കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ്​ മല്യ രാജ്യംവിട്ടത്​.