ഏഷ്യൻ കപ്പ്​ ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത് ഖത്തറിന്​ ​കന്നി ഏഷ്യൻ കിരീടം

ഏഷ്യൻ കപ്പിൽ സായിദ് സ്പോർട്ട്സ് സിറ്റി മൈതാനിയിൽ നടന്ന കലാശ പോരാട്ടത്തിൽ ചരിത്രം രചിച്ച്​ ഖത്തർ. എ.എഫ്​.സി ഏഷ്യൻ കപ്പ്​ ഫൈനലിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത് ഖത്തറിന്​ ​കന്നി ഏഷ്യൻ കിരീടം.

ഫൈ​ന​ലി​ലെ​ത്തി​യി​ട്ട് ക​പ്പു​യ​ർ​ത്താ​തെ മൈ​താ​നം വി​ടാത്ത ജപ്പാന്റെ ചരിത്രമാണ്​ ഖത്തർ ഇന്ന് തിരുത്തിക്കുറിച്ചത്​. അൽമോയിസ്​ അലി(12), അബ്​ദുള്ളസീസ്​ ഹാതെം(27), അക്രം അഫിഫ്​(83) എന്നിവരാണ്​ ഖത്തറിന്​ വേണ്ടി വലകുലുക്കിയത്​. മൂന്നാം ഗോൾ പെനാൽട്ടിയായിരുന്നു.

12ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ അല്‍മോസ് ഖത്തറിനെ മുന്നിലെത്തിച്ചു. പന്ത് കാലില്‍ സ്വീകരിച്ച് നിയന്ത്രിച്ച് നിര്‍ത്ത് അല്‍മോസ് തൊടുത്ത ഷോട്ട് ജപ്പാന്‍ പോസ്റ്റില്‍ കയറി. 27ാം മിനിറ്റില്‍ ഖത്തര്‍ ഒരിക്കല്‍കൂടി ലീഡ് നേടി. ബോക്‌സിന് പുറത്ത് ഹതേം ഇടങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ട്‌ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.

69ാം മിനിറ്റില്‍ തകുമി മിനാമിനോ ജപ്പാന്റെ ഒരുഗോള്‍ തിരിച്ചടിച്ചു. എങ്കിലും 83ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അഫിഫ് ഗോളാക്കിയതോടെ ഖത്തര്‍ കിരീടമുറപ്പിച്ചു.