ശബരിമല വരുമാനത്തില്‍ ഇടിവ്; സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു.ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കാനാണ് തീരുമാനം.

വ്യാഴാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡിനുളള ആദ്യ ഘട്ട സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ശബരിമല വരുമാനത്തില്‍ 100 കോടി രൂപയുടെ കുറവുണ്ടായാലും അത് നികത്താനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.