ഐ.സി.സി ടെസ്റ്റ് റാങ്കിങ്‌സ്: ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയും കോഹ്ലിയും

ഐ.സി.സി ടെസ്റ്റ് റാങ്കിങ്സില്‍ മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും മികച്ച ടീമുകളുടെ പട്ടികയില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാര മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. ബൗളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ആദ്യ പത്തില്‍ ഇടം പിടിച്ചു. 116 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.

എന്നാല്‍ റാങ്കിങില്‍ മികച്ച നേട്ടം കൈവരിക്കാനായത് വെസ്റ്റ് ഇന്റീസിനാണ്. വിന്റീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് വെസ്റ്റ് ഇന്റീസ് സമ്പൂര്‍ണ്ണാധിപത്യം നിലനിര്‍ത്തി വിജയിച്ചതില്‍ ഹോള്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എടുത്തു പറയേണ്ട മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയത് ആസ്ട്രേലിയയുടെ പാറ്റ് കുമ്മിന്‍സ്, ട്രവീസ് ഹെഡ്, മാര്‍നസ് ലാമ്പുഷ്ഗേന്‍ എന്നിവരും വിന്റീസിലെ കെമാര്‍ റോച്ച്, റോസ്റ്റണ്‍ ചേസ്, ഷെയിന്‍ ഡൗറിച്ച് എന്നിവരാണ്.