കശ്മീരില്‍ സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ക്ക് നേരെ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും നേരെ ആക്രമണം. നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്. സൗത്ത് കശ്മീരിലെ അനന്ദ് നാഗില്‍ പോലീസ് സ്റ്റേഷനു നേര്‍ക്ക് ഗ്രനേഡ് ആക്രമണം ആയിരുന്നു ആദ്യത്തേത്. പുല്‍വാമയിലേയും ഷോപ്പിയാനിലെയും സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം ത്രാലിലെ മിഡൂരയില്‍ അജ്ഞാതനായ തീവ്രവാദി സിആര്‍പിഎഫ് ക്യാമ്പിനു നേരെ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. സോപോരയിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയും ഗ്രനേഡ് ആക്രമണം ഉണ്ടായി. ഒരിടത്തും ആള്‍നാശം ഉണ്ടായില്ല.