യു.എസിലെ ഭരണ പ്രതിസന്ധി; ബില്ലുകള്‍ സെനറ്റില്‍ പരാജയപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളും ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ കൊണ്ടുവന്ന ബില്ലുകളാണ് പരാജയപ്പെട്ടത്.

ബില്‍ പാസാക്കാന്‍ വേണ്ട സെനറ്റിലെ 100 അംഗങ്ങളില്‍ 60 പേരുടെ പിന്തുണ നേടാന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞില്ല. റിപ്പബ്ലിക്കന്‍ 50-47ന് പരാജയപ്പെട്ടപ്പോള്‍ ഡമോക്രാറ്റുകള്‍ക്ക് 252-44 ആണ് കിട്ടിയത്.

മതിലിന് ഫണ്ട് അനുവദിച്ചാല്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വീട്ടുവീഴ്ച ചെയ്യാമെന്ന റിപ്പബ്ലിക്കന്‍ ബില്ലിനെ 50 പേര്‍ അനുകൂലിച്ചു. അതേസമയം, ഭരണപ്രതിസന്ധി പരിഹരിക്കുക, മെക്‌സിക്കല്‍ മതില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്താം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുള്ള ഡെമോക്രറ്റിക് ബില്ലിനെ 52 പേര്‍ പിന്തുണച്ചു. ഡെമോക്രറ്റിക് ബില്ലിന് ആറ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും ലഭിക്കുകയുണ്ടായി.

അതിനിടെ, രാജ്യത്തെ ഭരണപ്രതിസന്ധി 34ാം ദിവസത്തിലേക്ക് കടന്നു. രാജ്യം ഇതുവരെ നേരിട്ടതില്‍ വച്ച്‌ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. എട്ട് ലക്ഷത്തോളം വരുന്ന ഫെഡറല്‍ ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്നത് വരും ദിവസങ്ങളിലും തുടരും.