എല്ലാ പോളിങ‌് സ‌്റ്റേഷനിലും വിവിപാറ്റ‌് ; കേരളത്തിലേക്ക‌് 44,326 ബാലറ്റ‌് യൂണിറ്റുകളെത്തി

ലോക‌്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക‌് 44,326 ബാലറ്റ‌് യൂണിറ്റുകളെത്തി. എല്ലാ പോളിങ‌് സ‌്റ്റേഷനുകളിലും വിവിപാറ്റ‌് ഉപയോഗിക്കുന്നുണ്ട‌്. ഇതിനായി 34,912 യന്ത്രങ്ങളെത്തി. ഒരുബാലറ്റ‌് യൂണിറ്റിൽ 15 സ്ഥാനാർഥികളും ഒരു നോട്ടയും ക്രമീകരിക്കും. പതിനഞ്ചിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഒരു ബാലറ്റ‌് യൂണിറ്റുകൂടി ഉപയോഗിക്കും. വോട്ടിങ‌് യന്ത്രങ്ങളുടെ ആദ്യഘട്ടപരിശോധന കഴിഞ്ഞു. തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം വന്നശേഷം ബൂത്തുകൾക്കായി വോട്ടിങ‌് യന്ത്രങ്ങൾ വിതരണം ചെയ്യും. അന്തിമ സ്ഥാനാർഥി പട്ടിക ആയതിനുശേഷമാണ‌് ബാലറ്റ‌് യൂണിറ്റിൽ ബാലറ്റ‌് സെറ്റ‌് ചെയ്യുക.

24970 പോളിങ‌് സ‌്റ്റേഷനാണ‌് സജ്ജീകരിക്കുന്നത‌്. സ‌്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ‌്. തെരഞ്ഞെടുപ്പുജോലികൾക്കായി 2.35 ലക്ഷത്തോളം ജീവനക്കാർ ആവശ്യമായി വരും. ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. കഴിഞ്ഞ 15വരെ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി പുതുക്കിയ വോട്ടർപട്ടിക 30ന‌് പ്രസിദ്ധീകരിക്കും. നിലവിലുള്ള കരട‌് പട്ടികയിൽ 2,50,65, 496 പേരാണുള്ളത‌്. ഇക്കുറിയിത‌് 2.54 കോടിവരെ എത്തുമെന്നാണ‌് വിലയിരുത്തൽ.

2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 2.43 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പട്ടികയിൽ 2.60 കോടി പേരാണ‌് ഉണ്ടായിരുന്നത‌്. 2.01 കോടി പേർ വോട്ട‌് ചെയ‌്തു.

എന്താ‌ണ‌് വിവിപാറ്റ‌്
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്ററാണ് വിവിപാറ്റ്. വോട്ടുചെയ്യുമ്പോൾ അത‌് വിവിപാറ്റിലെ കടലാസു സ്ലിപ്പിലും അച്ചടിച്ചുവരും. വോട്ടർക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കൻഡ് നൽകും.തുടർന്ന് ഈ സ്ലിപ്പ് മുറിഞ്ഞ‌് വിപിപാറ്റ് മെഷീനോടു ചേർന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടുപോകാനാകില്ല. സ്ലിപ് വീഴുന്ന പെട്ടി തുറക്കാൻ പോളിങ് ഉദ്യോഗസ്ഥർക്കു മാത്രമേ കഴിയൂ.

വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉയരുകയാണെങ്കിൽ വിവിപാറ്റിലെ സ്ലിപ്പുകൾ പരിശോധിക്കാൻ കഴിയും.

© 2024 Live Kerala News. All Rights Reserved.