പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ അധിക ചുമതല; ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യത

ഇടക്കാല ബജറ്റ് അവതരണത്തിന് ഒരാഴ്ച ബാക്കി നിൽക്കെ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഗോയല്‍ തന്നെ ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യതയേറി. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‍ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നതും ഗോയലായിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി അമേരിക്കയിൽ ചികിത്സയിലാണ്. അദ്ദേഹം തിരിച്ചുവന്ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും കൂടുതല്‍ പരിഗണനയെന്നാണ് വിവരം. മോദി സർക്കാറിന്‍റെ അവസാന ബജറ്റുകൂടിയാണ് ഇത്.

© 2024 Live Kerala News. All Rights Reserved.