അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്. അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അവകാശവാദത്തിന്റെയും ആധികാരികത പരിശോധിക്കുകയും വസ്തുത വിലയിരുത്തുകയും ചെയ്ത ‘ഫാക്ട് ചെക്’ വെബ്സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഈ വിവരം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം മാത്രം വസ്തുതവിരുദ്ധമായി ആറായിരത്തിലേറെ പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. അധികാരത്തിലെ ആദ്യ 100 ദിവസത്തില്‍ അടിസ്ഥാനമില്ലാത്ത 492 അവകാശവാദങ്ങള്‍ നടത്തിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി 1200 തെറ്റായ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയത്.കുടിയേറ്റം സംബന്ധിച്ചായിരുന്നു ട്രംപിന്റെ ഏറ്റവും കൂടുതല്‍ നുണകള്‍- 1433. ട്രംപ് അധികാരത്തിലേറി രണ്ട് വര്‍ഷം പിന്നിട്ടതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.