ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീനക്ക് തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എട്ടാം കിരീടം തേടിയിറങ്ങിയ സെറീനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 64, 46, 75. നിര്‍ണായക മൂന്നാം സെറ്റില്‍ 51ന്റെ ലീഡെടുത്തശേഷമാണ് സെറീനയുടെ ഞെട്ടിക്കുന്ന തോല്‍വി.

കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് സെറീനയെ അലട്ടിയപ്പോള്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ പ്ലിസ്‌കോവ 75ന് സെറ്റും മത്സരവും സ്വന്തമാക്കി.നാലു മാച്ച് പോയന്റുകള്‍ അതിജീവിച്ചാണ് പ്ലിസ്‌കോവ ജയിച്ചുകയറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നെങ്കില്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിനൊപ്പമെത്താന്‍ 37കാരിയായ സെറീനക്ക് ആവുമായിരുന്നു.

വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ ലോക ഏഴാം നമ്പര്‍ താരമായ പ്ലിസ്‌കോവ ലോക നാലാം നമ്പര്‍ താരമായ നവോമി ഒസാക്കയെ നേരിടും. ആറാം സീഡ് യുക്രൈന്റെ എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ഒസാക്ക സെമിയിലെത്തിയത്. സ്‌കോര്‍ 64, 61.