സിക്രിക്ക്​ ഉന്നത പദവി വാഗ്​ദാനം ചെയ്ത് കേന്ദ്ര സർക്കാർ; പദവി വേണ്ടെന്ന്​ സി​ക്രി

സുപ്രീംകോടതി ജസ്​റ്റിസ്​ എ.കെ. സിക്രിക്ക്​ ഉന്നത പദവി വാഗ്​ദാനം ചെയ്ത് കേന്ദ്ര സർക്കാർ. സി.ബി.ഐ ഡയറക്​ടർ സ്ഥാനത്തുനിന്ന്​ അലോക്​ വർമയെ പുറത്താക്കാൻ ഉന്നതാധികാര സമിതിയിൽ​ പിന്തുണ നൽകിയതിനാണ് പദവി വാഗ്ദാനം ചെയ്തത്. എന്നാൽ പദവി വേണ്ടെന്ന്​ സി​ക്രി നിയമകാര്യ സെക്രട്ടറിയെ അറിയിച്ചു. മാര്‍ച്ച് 6നാണ് സിക്രി സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്.

കോമൺവെൽത്ത്​ സെക്രട്ടേറിയറ്റ്​ ആർബിട്രൽ ട്രൈബ്യൂണൽ അംഗത്വമാണ്​ മോദി സർക്കാർ സിക്രിക്ക് വാഗ്​ദാനം ചെയ്​തത്. ​അലോക്​ വർമയുടെ സി.ബി.ഐയിലെ ഭാവി തീരുമാനിക്കാൻ ചേർന്ന ഉന്നതാധികാര സമിതിയിൽ​ മോദിക്കൊപ്പം വർമ്മക്കെതിരെയാണ് സിക്രി വോട്ട് ചെയ്തത്. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ പ്രതിനിധിയായാണ് സിക്രി ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്തത്.

53 കോമൺവെൽത്ത്​ രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങളിൽ അന്തിമവിധി കൽപിക്കുന്ന ട്രൈബ്യൂണലാണ്​ കോമൺവെൽത്ത്​ സെക്രട്ടേറിയറ്റ്​ ആർബിട്രൽ. ട്രൈബ്യൂണൽ. എട്ട്​ അംഗങ്ങളുള്ള ട്രൈബ്യൂണലിലെ ഒരു സീറ്റ്​ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്​.

© 2023 Live Kerala News. All Rights Reserved.