സംസ്ഥാന ക്രമസമാധാന നില: മുഖ്യമന്ത്രി ഗവര്‍ണർക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം; സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് റിപ്പോർട്ട് നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ക്രമസമാധാന നില ഗവര്‍ണറെ ധരിപ്പിച്ചു. അക്രമണങ്ങളില്‍ സ്വീകരിച്ച നടപടിയും അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൂടാതെ, അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ സംഭവങ്ങളെ കുറിച്ച്‌ ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു.ബിജെപി എം പി മാർ രാഷ്ട്രപതിയെ സംസ്ഥാനത്തെ ക്രമസമാധാന നില ധരിപ്പിച്ചിരുന്നു.