സ്‌ത്രീ വിരുദ്ധ പരാമർശം: ഹാര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ്

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് ഇവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്

ക്രിക്കറ്റ് ഇതര ചാറ്റ് ഷോ കളില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്. അതേസമയം, മാപ്പ് പറച്ചില്‍ ഇതിനൊരു പരിഹാരമല്ലെന്നും വരും തലമുറകള്‍ക്ക് മാതൃകയാവാന്‍ താരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബിസിസിഐ യിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ താരങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരിപാടിയുടെ സ്വഭാവം കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു പൊയതാണെന്നും പാണ്ഡ്യ ട്വിറ്റിലൂടെ പറഞ്ഞു.