സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം : രാജ്യത്തെ തൊഴിലാളി സംഘടനങ്ങളുടെ നേതൃത്വത്തിലുള്ള ദ്വിദിന പണിമുടക്കിന് അര്‍ധരാത്രിയോടെ തുടക്കമായി. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പി.എഫ്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, പ്രസവകാല അവധി തുടങ്ങിയവ നിഷേധിക്കപ്പെടുന്നു. കര്‍ഷകപ്രശ്നങ്ങളും നിരവധിയാണ്. പ്രശ്നപരിഹാരത്തിന് 2015ല്‍ രൂപീകരിച്ച മന്ത്രിമാരുടെ സമിതി ഇതുവരെ യോഗം വിളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തൊഴിലാളികള്‍ നടത്തിവരുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ ശക്തമായ സമരമായിരിക്കും ഇതെന്നാണ് സംഘടനകള്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.