മെസ്സിയെ പിന്നിലാക്കി ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ കുതിപ്പ്; മുന്നിൽ ഇനി റൊണാൾഡോ മാത്രം

ഏഷ്യ കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ലോകത്തിന്റെ നെറുകയിലെത്തി ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി. അർജന്റീന സൂപ്പർ താരം സാക്ഷാൽ ലയണൽ മെസ്സിയെ പിന്നിലാക്കി ഛേത്രി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്.

തായ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തിൽ രണ്ട് തവണയാണ് ഇന്ന് ഛേത്രി വലകുലുക്കിയത്. ഇതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലിയോണല്‍ മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ മുന്നിലുള്ള റൊണാള്‍ഡോയ്ക്ക് 85 ഗോളാണുള്ളത്.

തായ്‌ലാൻഡിനെതിരായ മത്സരത്തിൽ 27 മിനുട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 46 മിനുട്ടിൽ മനോഹരമായ മുന്നേറ്റത്തിലൂടെയായിരുന്നു രണ്ടാം ഗോൾ. ഇന്ത്യക്ക് വേണ്ടി അനിരുദ്ധ് ഥാപ്പ, ജെജെ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.

© 2023 Live Kerala News. All Rights Reserved.