സച്ചിന്റെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ അതികായനായിരുന്നു അച്‌രേക്കർ. സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രതിഭയായതിനു പിന്നിൽ നിർണായക പങ്കു വഹിച്ചത് അച്‌രേക്കറാണ്.

കരിയറിൽ ഒരേയൊരു ഫസ്റ്റ് ക്ലാസ് മൽസരം മാത്രം കളിച്ചിട്ടുള്ള അച്‌രേക്കർ പിന്നീടു പരിശീകലനെന്ന നിലയിലാണു പ്രശസ്തനായത്. 1999കളുടെ അവസാനം അസുഖബാധിതനാകുന്നതുവരെ നാലു പതിറ്റാണ്ടോളം പരിശീലകനായി സേവനം ചെയ്തു. ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, ബൽവീന്ദർ സിങ് സന്ധു, ലാൽചന്ദ് രജ്പുത്ത്, സമീർ ഡിഗെ, പരസ് മാംബ്രെ, പ്രവീൺ ആംറെ, രമേഷ് പൊവാർ, അജിത് അഗാർക്കർ തുടങ്ങിയ നിരവധി ഇന്ത്യൻ കളിക്കാരുടെ പരിശീലകനായിരുന്നു അദ്ദേഹം.

രാജ്യം 1990ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ക്രിക്കറ്റ് രംഗത്തുനിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായിരുന്നു അന്ന് അദ്ദേഹം. പത്മശ്രീ നൽകിയും രാജ്യം അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.