സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്ന നടപടി സാവധാനത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: സിറിയയില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിക്കുന്ന നടപടി സാവധാനത്തിലാക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. സിറിയയിലെ ഇസില്‍ ഭീകരവാദികളെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് സന്നദ്ധത അറിയിച്ചുവെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു. പ്രസിഡന്റുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന വിധത്തില്‍ ഇസില്‍ ഭീകരവാദികള്‍ വീണ്ടും ഉയര്‍ന്നുവരുമെന്നും അതുകൊണ്ട് തന്നെ സൈന്യത്തെ പിന്‍വലിക്കുന്നത് ഒഴിവാക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ആഗോള പ്രതിനിധിയായിരുന്ന ബ്രറ്റ് മാക് ഗര്‍ക്കും രാജിപ്രഖ്യാപിച്ചിരുന്നു.

സിറിയയിലെ ഇസില്‍ ഭീകരവാദികളെ പരാജയപ്പെടുത്തിയെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ സൈന്യത്തെ അവിടെ നിന്ന് പിന്‍വലിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് മുമ്ബ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരില്‍ നിന്നും അമേരിക്ക വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.

© 2024 Live Kerala News. All Rights Reserved.