ചന്ദ്രബോസ് വധം: നിഷാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു

 

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിഷാമിനെതിരെ ജില്ലാ ഭരണകൂടം കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. തന്നെ അന്യായമായി തടങ്കില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് നിഷാം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

പ്രതിയെ ആറുമാസം കരുതല്‍ തടങ്കലില്‍ വെക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമം. നിഷാമിന് മേല്‍ കാപ്പ ചുമത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി നല്‍കിയ ശുപാര്‍ശ ജില്ലാ കളക്ടര്‍ എം.എസ്. ജയ അംഗീകരിക്കുകയായിരുന്നു.

ഫിബ്രവരി ഒന്നിനാണ് ഇതു സംബന്ധിച്ച ഫയല്‍ കളക്ടറുടെ മുന്നിലെത്തിയത്. നിയമോപദേശം തേടി നിരവധി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കാപ്പ ചുമത്താന്‍ കളക്ടര്‍ തീരുമാനിച്ചത്. നിഷാമിനെതിരെ 13 കേസുകളുള്ള കാര്യം ചൂണ്ടിക്കാണിച്ചാണ് കമ്മീഷണര്‍ കാപ്പ ചുമത്തുന്നതിന് അനുമതി തേടിയത്. ബെംഗളൂരുവിലെ രണ്ട് കേസുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഡലിനെ മാനഭംഗപ്പെടുത്തിയെന്ന കേസും വണ്ടിയിടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കേസുമാണിത്. കൂടാതെ വനിതാ എസ്.ഐ.യെ വാഹനത്തില്‍ പൂട്ടിയിട്ട സംഭവവും വീടുകയറി ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിഷാമിനെതിരെ കാപ്പ ചുമത്തുമെന്ന് സംഭവ ദിവസംതന്നെ സ്ഥലം സന്ദര്‍ശിച്ച എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി അറിയിച്ചിരുന്നു. നിഷാമിനെതിരെ കാപ്പ ചുമത്താന്‍ 2013 ഏപ്രില്‍ 26ന് ശ്രമം നടന്നിരുന്നു. കേസ് ഒത്തുതീര്‍പ്പിലൂടെ നിഷാം മറികടക്കുകയായിരുന്നു. ചന്ദ്രബോസിനെതിരെ ഇയാള്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ശ്രമം വീണ്ടും ശക്തമായത്.

© 2024 Live Kerala News. All Rights Reserved.