ശബരിമല വരുമാനം 105 കോടി കവിഞ്ഞു ; 40 ദിവസത്തിൽ 33 ലക്ഷം തീർഥാടകർ ദർശനം നടത്തി

ശബരിമല > മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിലെ വരുമാനം 105 കോടി കവിഞ്ഞു. 40 ദിവസത്തിൽ 33 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിഭാഗവും. കേരളത്തിലെ പ്രളയം, തമിഴ്നാട്ടിൽ നാശം വിതച്ച ‘ഗജ’ ചുഴലിക്കാറ്റ് എന്നിവയുടെ പശ്ചാത്തലത്തിൽ ഇത്തവണ തീർഥാടകരുടെ എണ്ണം കുറയുമെന്നായിരുന്നു പ്രതീക്ഷ.

യുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസും, ബിജെപിയും നടത്തിയ അക്രമങ്ങളും, രാജ്യവ്യാപക നുണപ്രചാരണങ്ങളും ആദ്യ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണവും വരുമാനവും കുറച്ചു. മണ്ഡലപൂജയ്ക്ക് നടതുറന്ന ദിവസം 20,527 പേർ മാത്രമാണ് എത്തിയത്. രണ്ടാമത്തെ ആഴ്ച അമ്പതിനായിരത്തിന് മുകളിൽ ഭക്തർ എത്തി. അവസാന ആഴ്ചയിലേക്ക് കടന്നപ്പോൾ ദിവസവും ഒരു ലക്ഷത്തിലേറെ തീർഥാടകരായി. കഴിഞ്ഞ 10 ദിവസത്തിൽ മാത്രം 35 കോടിയിലേറെ വരുമാനമുണ്ടായി.

ക്ഷേത്രത്തിൽ പോകരുത്, പോയാൽ കാണിക്കയിടരുത് എന്നൊക്കെയായിരുന്നു ആർഎസ്എസ്, ബിജെപി ആഹ്വാനം. അതിനൊക്കെയുള്ള മറുപടിയാണ‌് ഭക്തരുടെ തിരക്കും വരുമാന വർധനയും. ആകെ വരുമാനത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 59 കോടിയുടെ കുറവ് വന്നിട്ടുണ്ട്. മകരവിളക്ക് പൂജ ദിവസങ്ങളിൽ ഈ കുറവ് പരിഹരിക്കപ്പെടും എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ലേലം ഉൾപ്പെടെയുള്ള തുകയും കണക്ക് കൂട്ടേണ്ടതുണ്ട്.

© 2023 Live Kerala News. All Rights Reserved.