ഇന്തോനേഷ്യയിലുണ്ടായ സുനാമി; മരണം 222 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും. ശനിയാഴ്ച ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണ സംഖ്യ ഉയരുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കും. 28 പേരെ കാണാതായെന്നും റിപ്പോർട്ട് ഉണ്ട്.

സർക്കാർ സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകാത്തതാണ് നാശനഷ്ടങ്ങൾ ഇത്രയും കൂടാൻ കാരണം. ഭൂമികുലക്കം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഇല്ലാതിരുന്നതിനാൽ സുനാമിയെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടിയില്ലെന്നാണ് സർക്കാർ ഏജൻസികളുടെ വിശദീകരണം. മൂന്ന് മീറ്റർ വരെ ഉയരത്തിലെത്തിയ തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രിസമസ് ആഘോഷങ്ങൾക്കുൾപ്പെടെ ബീച്ചുകളിൽ ഒത്തുകൂടിയവരാണ് സുനാമിയെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

കടൽതീരത്തെ റിസോർട്ടിൽ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. വൻതിരമാലകൾക്ക് സാധ്യതയുള്ളതിനാൽ 25 വരെ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.