മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ശബരിമലയിലേക്ക്

പത്തനംതിട്ട: മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ഇന്ന് വൈകീട്ടോടെ ശബരിമലയിലെത്തും. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി പറഞ്ഞു

സുരക്ഷ നല്‍കാമെന്ന് ഡിജിപി ഓഫീസില്‍ നിന്നും വിളിച്ച് അറിയിച്ചിട്ടുണ്ട്. ഡിഎസ്പിയും വിളിച്ചിരുന്നു. കേരള തമിഴ്‌നാട് സര്‍ക്കാരുകളും സുരക്ഷ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കേരള പൊലീസിന്റെ സുരക്ഷയില്‍ ദര്‍ശനം നടത്താനാകുമെന്ന് ഉറപ്പുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ചെന്നൈയില്‍ നിന്ന് 9 പേരും മധുരയില്‍ നിന്ന് രണ്ട് യുവതികളും ഉള്‍പ്പെട്ട സംഘം നാളെ വൈകീട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ചത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും ഇവര്‍ പറഞ്ഞു.

ചിലര്‍ അഞ്ച് ദിവസത്തെ വ്രതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. മറ്റുള്ളവര്‍ പമ്പയില്‍ വച്ച് മാലയിടും. ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.