വനിതാ മതിലിന് 50 കോടി ചെലവഴിക്കുന്നത് അഴിമതി; ഇത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്ത

വനിതാ മതിലിനു വേണ്ടി സർക്കാർ പണം ചെലവഴിക്കുന്നതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ചെലവഴിക്കേണ്ട പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു. 50 കോടി ചെലവഴിക്കുമെന്ന് പറഞ്ഞത് അഴിമതിയാണ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും 50 കോടി പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിൽ പങ്കെടുക്കാനായി കുടുംബശ്രീ, ആശാ വർക്കർമാർ അടക്കമുള്ളവരെ നിർബന്ധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വനിതാ മതിലിന്റെ പേരിൽ മുഖ്യമന്ത്രി കലാകാരൻമാരേയും സാഹിത്യകാരൻമാരേയും സമൂഹ്യ-സാമുദായിക നേതാക്കളേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും രംഗത്തെത്തി. മതിൽ കെട്ടാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും കോൺഗ്രസ് പ്രവർത്തകരാരെങ്കിലും മതിലിൽ പങ്കെടുത്താൽ അവർ പാർട്ടിയിലുണ്ടാവില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.