മോഡിയുടെ കാലത്തെ വ്യാജഏറ്റുമുട്ടൽ; വിശദവാദം കേൾക്കണം: സുപ്രീംകോടതി

ന്യൂഡൽഹി > നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഗുജറാത്തിലുണ്ടായ വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച‌് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജികളിൽ വിശദ വാദംകേൾക്കുമെന്ന‌് സുപ്രീംകോടതി. 2002–-2006 കാലയളവിൽ, ഗുജറാത്ത‌് പൊലീസ‌ിന്റെ നേതൃത്വത്തിൽ നടന്ന 22 ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച‌് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണംനടത്തി റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പ‌് ഹർജിക്കാർക്ക‌് കൈമാറാൻ കഴിയില്ലെങ്കിൽ, അതിനുള്ള കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഗുജറാത്ത‌് സർക്കാരിനോട‌് ആവശ്യപ്പെട്ടു.

‘ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജികൾ പരിഗണിക്കുന്നത‌് ഒരോ തവണയും മാറ്റിവച്ച‌്, വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ പരിഗണിച്ചില്ലെങ്കിൽ, പിന്നെ എപ്പോഴാണ‌് ഇൗ ഹർജികൾ പരിഗണിക്കുക?’–- ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് ചോദിച്ചു.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട‌് പ്രമുഖ ഗാനരചയിതാവും കവിയുമായ ജാവേദ‌്അക്തർ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ബി ജി വർഗീസ‌് എന്നിവർ സമർപ്പിച്ച ഹർജികളാണ‌് കോടതി പരിഗണിച്ചത‌്.

© 2024 Live Kerala News. All Rights Reserved.