യുഎഇ പൊതുമാപ്പ് ഡിസംബര്‍ 31വരെ നീട്ടി

അനധികൃത താമസക്കാര്‍ക്കായി യുഎഇ ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടി. തിങ്കളാഴ്ച പൗരത്വ വിഭാഗം ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിസ, താമസ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിച്ചു.

ആഗസ്തില്‍ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനാഘോഷവും രാഷ്ട്രപിതാവ് സായിദ് വര്‍ഷാചരണവും പ്രമാണിച്ച്‌ പൊതുമാപ്പ് ഒരു മാസത്തേക്കു കൂടി നീട്ടാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യന്‍ നിര്‍ദേശിക്കുകയായിരുന്നു.

ചൊവ്വാഴ്ച മുതല്‍ പൊതുമാപ്പിന് അപേക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ താമസ നിയമം ലംഘിച്ചു രാജ്യത്തു കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് താമസം നിയമ വിധേയമാക്കാനോ പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ കഴിയും. രാജ്യത്തെ ഒമ്ബതു സഹായ കേന്ദ്രങ്ങള്‍ പൊതുമാപ്പിന് അപേക്ഷ സ്വീകരിക്കും.

© 2024 Live Kerala News. All Rights Reserved.