ശബരിമല വരുമാനം ഉയരുന്നു ; മലയാളി തീർഥാടകരുടെ വരവ് വർദ്ധിച്ചു

ശബരിമല
തീർഥാടക തിരക്കേറിയതോടെ ശബരിമലയുടെ വരുമാനവും ക്രമാനുഗതമായ വർധനയിലേക്ക്. ആദ്യ ഒന്നര ആഴ്ചയിൽ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിൽ മൂന്നാമത്തെ ആഴ്ചമുതൽ നേരിയ വർധനയിലേക്കുയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ചമാത്രം മൂന്നുശതമാനത്തിന്റെ വർധനയുണ്ടായതായാണ് ദേവസ്വം ബോർഡിന്റെ കണക്ക്. കഴിഞ്ഞ വർഷത്തെ വരുമാനത്തോട് താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കുറവ് തന്നെയാണ്. ഭക്തരുടെ തിരക്കും അപ്പം, അരവണ വിൽപനയും അനുദിനം വർധിക്കുന്നത് ദേവസ്വംബോർഡിന് പ്രതീക്ഷയേകുന്നുണ്ട്.

ആദ്യത്തെ ആഴ്ചയിൽ ശരാശരി ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലുള്ള തീർഥാടകരേ എത്തിയിരുന്നുള്ളൂ. രണ്ടാമത്തെ ആഴ്ച അവസാനിക്കുമ്പോൾ അമ്പതിനായിരത്തിന് മുകളിലായി തീർഥാടകരുടെ എണ്ണം. ശനിയാഴ്ച 65000 പേർ എത്തിയെന്നും കണക്കുകളിൽ പറയുന്നു.

പന്ത്രണ്ട് വിളക്കിനുശേഷം മലയാളി തീർഥാടകരുടെ വരവും വർധിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള ആർഎസ്എസ്, ബിജെപി നീക്കം തീർഥാടകരെ ഭയപ്പെടുത്തിയിരുന്നു. അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ ശബരിമലയ്ക്കെതിരേയും സംസ്ഥാന സർക്കാരിനെതിരേയും ഇവർ നടത്തിയ വ്യാജപ്രചാരണങ്ങളും ആദ്യഘട്ടത്തിൽ ഭക്തരുടെ വരവിനെ ബാധിച്ചു.

© 2024 Live Kerala News. All Rights Reserved.