സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണർ

ന്യൂഡൽഹി
മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറായി സുനിൽ അറോറ ഞായറാഴ‌്ച ചുമതലയേറ്റു. ഒ പി റാവത്ത‌് ശനിയാഴ‌്ച വിരമിച്ചതോടെയാണ‌് അറുപത്തിരണ്ടുകാരനായ അറോറ സ്ഥാനമേറ്റത‌്. 2019ലെ പൊതുതെരഞ്ഞെടുപ്പും ജമ്മു കശ‌്മീർ, ഒഡിഷ, മഹാരാഷ‌്ട്ര, ഹരിയാന, ആന്ധ്രപ്രദേശ‌്, അരുണാചൽപ്രദേശ‌്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക‌് നടക്കുന്ന തെരഞ്ഞെടുപ്പുകളും സുനിൽ അറോറയുടെ നേതൃത്വത്തിലാകും. –

രാജ്യത്ത‌് നീതിപൂർവവും സ്വതന്ത്രവും വിശ്വസ‌്തവും നിഷ‌്പക്ഷവും ധാർമികവുമായ നിലയിൽ തെരഞ്ഞെടുപ്പ‌് നടത്തുമെന്ന‌് അറോറ പറഞ്ഞു.
സൈനികർക്കും ഭിന്നശേഷിക്കാർക്കും വോട്ടുരേഖപ്പെടുത്താനുള്ള സാഹചര്യം ഉറപ്പാക്കും.

2019 പൊതു തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ കമീഷൻ തുടങ്ങിയതായും അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാൻ കേഡറിലുള്ള ഐഎഎസ‌് ഉദ്യോഗസ്ഥനായ അറോറയ‌്ക്ക‌് മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണർ പദവിയിൽ മൂന്നുവർഷം കാലാവധിയുണ്ട‌്. ധന, ടെക‌്സ‌്റ്റൈൽസ‌് മന്ത്രാലയത്തിലും പ്ലാനിങ്‌ കമീഷനിലും ഉന്നതപദവികൾ വഹിച്ചു. വാർത്താ വിതരണപ്രക്ഷേപണ വകുപ്പ‌് സെക്രട്ടറി, തൊഴിൽ നൈപുണ്യ വികസനവകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആഗസ‌്തിലാണ‌് തെരഞ്ഞെടുപ്പ‌് കമീഷണറായി നിയമിതനായത‌്.

© 2024 Live Kerala News. All Rights Reserved.