ശബരിമല , സര്‍വീസുകള്‍ ഇരട്ടിയാക്കി കെഎസ്ആര്‍ടിസി

പമ്പ: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളുടെ എണ്ണം കെഎസ്ആര്‍ടിസി ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകിട്ടുവരെ മാത്രം 530 സര്‍വീസുകളാണ് നടത്തിയത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കായിരുന്നു ഇത്. 12,49,234 രൂപയായിരുന്നു കളക്ഷന്‍. അതേസമയം നേരത്തേയുള്ള ദിവസങ്ങളില്‍ ശരാശരി ഏഴുലക്ഷം രൂപയോളം മാത്രമായിരുന്നു കളക്ഷന്‍.

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതാണ് സര്‍വീസുകള്‍ കൂട്ടാനുള്ള കാരണം. ഈ മണ്ഡലകാലത്ത് ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തിയതും വെള്ളിയാഴ്ചയായിരുന്നു. പമ്പയിലും പരിസരത്തും കനത്ത മഴ പെയ്‌തെങ്കിലും 41,220 തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ രണ്ടായിരത്തിനും 2200-നുമിടയില്‍ തീര്‍ഥാടകരാണ് മലകയറിയതെന്നും വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഗണപതിയമ്പലത്തിനോട് ചേര്‍ന്നുള്ള നടപ്പന്തലിലാണ് വെര്‍ച്വല്‍ ക്യുവിനുള്ള രേഖകള്‍ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാമമൂര്‍ത്തി മണ്ഡപത്തിലായിരുന്നു പരിശോധന നടന്നു വന്നിരുന്നത്.

© 2024 Live Kerala News. All Rights Reserved.