ഇഞ്ചുറി ടൈമില്‍ ഇരട്ടഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി ; ഇഞ്ചുറി ടൈമില്‍ ഇരട്ടഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. തുടര്‍ച്ചയായി ഏഴാം മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിക്കാനാവാതെ അവസാനിപ്പിക്കുന്നത്.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ആറാം മിനിറ്റില്‍ പോപ്ലാറ്റ്നിക്കിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ തടഞ്ഞു. പതിമൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ഗോള്‍ നേടാനുള്ള മികച്ച അവസരം കേരളത്തിന് ലഭിച്ചെങ്കിലും ലെന്‍ ഡുംഗലിന് അത് മുതലെടുക്കാനായില്ല. ലെന്‍ ഡുംഗല്‍ ആദ്യ പകുതിയില്‍ മാത്രം മൂന്ന് ഗോളവസരങ്ങളാണ് പാഴാക്കിയത്.

മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനുറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍ പിറന്നത്. സബ്ബായി എത്തിയ എം പി സക്കീര്‍ എടുത്ത കോര്‍ണര്‍ ഫ്രണ്ട് പോസ്റ്റില്‍ നിന്ന് പൊപ്ലാനിക്ക് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

കളിയില്‍ 91ആം മിനുട്ടില്‍ വരെ ആ ഗോളിന്റെ മികവില്‍ കേരളം മുന്നില്‍ നില്‍ക്കുകയായിരുന്നു. സന്ദേശ് ജിങ്കന്‍ ബോക്‌സില്‍ നടത്തിയ ആവശ്യമില്ലാത്ത ഒരു തള്ള് നോര്‍ത്ത് ഈസ്റ്റിന് പെനാള്‍ട്ടി നല്‍കി. ഒഗ്ബചയ്ക്ക് പെനാള്‍ട്ടി സ്‌പോട്ടില്‍ നിന്ന് ലക്ഷ്യം പിഴച്ചില്ല. സ്‌കോര്‍ 1-1.

അതിനു തൊട്ടു പിറകെ നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ഗോളും പിറന്നും. ബോക്‌സിന്റെ വലതു ഭാഗത്ത് നിന്ന് മാസ്‌കിയ നല്‍കിയ ഗോളായിരുന്നു നോര്‍ത്ത് ഈസ്റ്റിന് ജയം ഉറപ്പിച്ച് കൊടുത്തത്.

ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. കേരളം ഏഴാം സ്ഥാനത്ത് തന്നെ നില്‍ക്കുകയാണ്.

© 2023 Live Kerala News. All Rights Reserved.