ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.

ശബരിമലയില്‍ അക്രമം നടത്തിയ പോലീസ് കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു കോടതിയുടെ പരിഗണയിലുണ്ട്. ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഇന്ന് പരിഗണിക്കും.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടര്‍ പിബി നൂഹ് നിരോധനാജ്ഞ നീട്ടിയത്.

എന്നാല്‍ ഭക്തര്‍ സംഘമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞയെ തുടര്‍ന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ ഏക മാര്‍ഗം നിരോധനാജ്ഞയാണന്നാണ് പോലീസ് നിഗമനം.

© 2024 Live Kerala News. All Rights Reserved.