ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവിറങ്ങി. ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടർക്കു റിപ്പോർട്ട് നൽകിയത്. എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചാണു കലക്ടർ തീരുമാനമെടുത്തത്.

അയ്യപ്പന്മാരുടെ സമാധാനപരമായ ദർശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീർഥാടകർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു.

14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്നായിരുന്നു റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനിടെ, ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.