ഖഷോഗിവധം: സൽമാൻ രാജകുമാരനെതിരെ രാജകുടുംബം രംഗത്ത്‌

റിയാദ‌്
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ‌് ബിൻ സൽമാനെതിരെ പ്രതിഷേധവുമായി രാജകുടുംബം രംഗത്ത്‌.
മുഹമ്മദ‌് ബിൻ സൽമാൻ രാജകുമാരൻ രാജാവാകുന്നതിനെതിരെ ഒരു വിഭാഗം രാജകുടുംബാംഗങ്ങൾ രംഗത്തെത്തി. സൽമാൻ രാജാവിന്റെ മരണശേഷം ഭരണ പിന്തുടർച്ചയിൽ മാറ്റം വേണമെന്ന അഭിപ്രായമാണ‌് അൽ സൗദ‌് കുടുംബത്തിലെ നിരവധി അംഗങ്ങൾക്ക‌ുള്ളത‌്. എന്നാൽ, 82 കാരനായ സൽമാൻ രാജാവ‌് മകനെതിരെ തിരിയാൻ സാധ്യതയില്ലെന്നും ഇവർ കരുതുന്നു.
സൽമാൻ രാജാവിന്റെ സഹോദരനായ അഹമ്മദ‌് ബിൻ അബ്ദുൾ അസീസിനെ രാജാവാക്കണമെന്നാണ‌് ഇവരുടെ ആവശ്യം.
76 കാരനായ അഹമ്മദ‌് ബിൻ അസീസ‌് രാജകുമാരന‌് രാജകുടുംബാംഗങ്ങളെക്കൂടാതെ പാശ്ചാത്യ രാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന‌് സൗദിവൃത്തങ്ങൾ പറയുന്നു. അൽ സൗദ‌് രാജകുടുംബത്തിനെതിരെ ലണ്ടനിൽ തന്റെ വസതിക്കുമുന്നിൽ നടന്ന സമരത്തിൽ സൗദി നേതൃത്വത്തെ വിമർശിച്ച‌് അസീസ‌് രാജകുമാരൻ രംഗത്ത‌ുവന്നിരുന്നു. മുതിർന്ന രാജകുടുംബാംഗങ്ങൾ ചേർന്നുള്ള അലേജിയൻസ‌് കൗൺസിലിൽ മുഹമ്മദ‌് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയാക്കുന്നതിനെ എതിർത്ത മൂന്നുപേരിൽ ഒരാൾ അസീസ‌് രാജകുമാരനാണ‌്.
അതേസമയം ഖഷോഗി വധത്തിൽ മുഹമ്മദ‌് ബിൻ സൽമാന‌് പങ്കുണ്ടെന്ന‌ സിഐഎ വെളിപ്പെടുത്തൽ നിഷേധിച്ച‌് സൗദി വിദേശകാര്യമന്ത്രി രംഗത്തുവന്നു.

© 2023 Live Kerala News. All Rights Reserved.