ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

രാജ്യത്തെ മതേതരത്വത്തിന് കളങ്കമേൽപ്പിച്ച 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും ക്ലീന്‍ ചിറ്റ് നൽകിയതിന് എതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹര്ജിയാണ് പരിഗണിക്കുക.

മോദിക്ക് ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹർജി.

കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വർഗീയ കലാപത്തിൽ നേരിട്ട് പങ്കുണ്ടെന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജിയിൽ ഉണ്ടായിരുന്നത്. എന്നാൽ, മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച വർഗീയ കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. മുസ്‌ലിം വിഭാഗക്കാരെ ലക്ഷ്യം വെച്ച് നടത്തിയ കലാപത്തില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ, കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. കണക്ക് പ്രകാരം 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്‌തു. കൂടാതെ, നിരവധി സ്‌ത്രീകളാണ്‌ കലാപത്തിന്റെ മറവിൽ ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതുകൂടാതെ, നിരവധി വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. നിരവധി വീടുകൾ നശിപ്പിക്കുയും ആളുകൾ കൂട്ടപലായനം നടത്തുകയുമുണ്ടായി.

© 2024 Live Kerala News. All Rights Reserved.